Members

Username
Password
Remember Me
Not yet registered ? Its free,

കാദര്‍ഭായിയെ മാന്തിയെടുത്ത് അപമാനിച്ചു!

Published: Dec 11, 2010 by anoop Filed under: Gossip & Rumors Views: 525 Popular Searches: Malayalam film, gossip
[+] [a] [-] Related articles Comments
Date : 06-12-2010 09:49 AM

മലയാളത്തില്‍ തുടര്‍ ഭാഗങ്ങള്‍ക്കും റീമേക്കുകള്‍ക്കും ജീവന്‍ വച്ചതോടെ മാളങ്ങളില്‍ ഒളിച്ചിരുന്ന പലരും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. പണ്ട് പ്രേക്ഷകര്‍ക്ക്‌ നല്ല ബോധം ഇല്ലാതിരുന്ന കാലത്ത് വിജയിച്ച 'വളിപ്പ്' പടങ്ങളുടെ രണ്ടാംഭാഗവും മൂന്നാം ഭാഗവും എടുക്കാന്‍ ചില വിവരദോഷികളായ നിര്‍മാതാക്കള്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ കടപൂട്ടിപ്പോയ പല സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും അതൊരു അനുഗ്രഹമായി(പ്രേക്ഷകര്‍ക്ക്‌ കഷ്ടകാലവും). തുളസീദാസിനും കലൂര്‍ ഡെന്നീസിനും  കിട്ടി അങ്ങനെയൊരു ബ്രേക്ക്. പതിനെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങള്‍ ഹിറ്റാക്കിയ കാസര്‍കോട് കാദര്‍ഭായി എന്ന ചിത്രത്തിന്റെ തുടര്‍ഭാഗം ഒരുക്കുക എന്ന 'ചരിത്ര'പരമായ ദൗത്യം. ആദ്യ ഭാഗമായ മിമിക്സ് പരേഡ്, രണ്ടാം ഭാഗമായ കാസര്‍കോട് കാദര്‍ഭായി എന്നീ ചിത്രങ്ങള്‍ കണ്ടതിന്റെ ഓര്‍മയില്‍ തിയറ്ററുകളില്‍ എത്തുന്ന പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യുന്ന ചിത്രമാണ്  മൂന്നാം ഭാഗമായ 'എഗയിന്‍ കാസര്‍കോട് കാദര്‍ഭായി'.

മുന്‍ ഭാഗങ്ങളെപ്പോലെ മൂന്നാം ഭാഗത്തിലും കലാദര്‍ശനയും ഫാ. തറക്കണ്ടവും ആണ് കഥയുടെ ഫ്ലാറ്റ്ഫോം. തറക്കണ്ടത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാന്‍ ട്രൂപ്പിലെ പുതിയ അംഗങ്ങള്‍ (സലിം കുമാര്‍,ബിജുക്കുട്ടന്‍, ധര്‍മജന്‍, തെസ്നിഖാന്‍‍) തീരുമാനിക്കുന്നു. ചടങ്ങിനു പഴയ തലമുറയിലെ ടീം അംഗങ്ങള്‍ ആയ ജിമ്മി(അശോകന്‍), ഉണ്ണി(ജഗദീഷ്), മനോജ്‌(ബൈജു) എന്നിവര്‍ എത്തുകയാണ്. ആഘോഷം വിജയകരമായി പൂര്‍ത്തിയാക്കിയ കലാദര്‍ശനയ്ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു പരിപാടി കിട്ടുന്നു. അവിടെ പരിപാടിക്കിടെ കാസിന്‍ഭായി(ബാബു ആന്റണി)അവരെ മര്‍ദ്ദിക്കുന്നു. അന്ന് രാത്രി കാസിന്‍ഭായി കൊല്ലപ്പെടുന്നു. സംശയം നീളുന്നത് കലാദര്‍ശനക്കാരുടെ നേരെയും. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് 'എഗയിന്‍ കാസര്‍കോട് കാദര്‍ഭായി'.

അസാമാന്യ ക്ഷമാശീലമുള്ളവര്‍പ്പോലും വയലന്റാവുന്ന ട്രീറ്റ്മെന്റും ട്വിസ്റ്റുകളുമാണ് സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് പരീക്ഷിച്ചിരിക്കുന്നത്. കോമഡിയുമല്ല, ട്രാജഡിയുമല്ല  (ഇതിലെ കോമഡികളെല്ലാം ട്രാജഡി തന്നെ) ത്രില്ലറുമല്ലാത്ത ഒരു തരം പൊട്ടന്‍ കളിയാണ് ചിത്രത്തിന്റെ ആദ്യാവസാനം. സഭ്യമല്ലാത്ത സീനുകളും സംഭാഷണങ്ങളും ധാരാളമുണ്ട്. പെണ്ണിന്റെ വേഷം കെട്ടുന്ന ഒരുത്തനെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ ഇതിനു വേണ്ടിയാണ്. പെണ്‍വേഷം കെട്ടിയവന്‍ തുണി മാറുന്നിടത്ത് വീര്‍പ്പടക്കി നില്‍ക്കുന്നവരും പോലീസ് സ്റ്റേഷനില്‍ പെണ്‍വേഷം കെട്ടിയവനെ പരിശോധിക്കുന്ന വനിതാപോലീസിന്റെ അവസ്ഥയും ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും സഹിക്കാവുന്നതല്ല. കാദര്‍ഭായി ഇറങ്ങിയകാലത്തെ നമ്പറുകളും മറ്റുമാണ് ഇതില്‍. സ്കിറ്റുകള്‍ എന്നപേരില്‍ കാണിക്കുന്നവയെല്ലാം തറവേലകളാണ്.

അഭിനയത്തിന്റെ കാര്യത്തില്‍ ഒരുത്തരും പ്രേക്ഷകനെ ആകര്‍ഷിക്കില്ല. പെണ്ണുങ്ങളെ കണ്ടാല്‍ ഹാലിളകുന്ന അവാതാരങ്ങളാണ് എല്ലാം. കേന്ദ്ര കഥാപാത്രമായ ഇന്നസെന്റിന് പോലും ഇതില്‍ ഒന്നും ചെയ്യാനില്ല. ഭാര്യയും കുടുംബവും ഉള്ള, നല്ല ജോലിയുള്ള ജിമ്മിയും ഉണ്ണിയും മനോജും ഒരു പെണ്ണിന് പിറകെ പൂവുമായി നടക്കുന്ന സീനുകള്‍ കണ്ടാല്‍ മൂക്കത്ത് വിരല്‍ വച്ചുപോകും. അതും ഒരു കൊലക്കേസില്‍ സംശയിക്കപ്പെടുമ്പോള്‍. ജഗദീഷിനെപ്പോലുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാഴ്ചക്കാരെ നാണിപ്പിക്കും. ബിജുക്കുട്ടന്‍ അവതരിപ്പിക്കുന്ന കൊച്ചാണ്ടിയുടെ സംഭാഷണവും പ്രവൃത്തിയും അരോചകമാണ്. കാസിന്‍ഭായി വധം അന്വേഷിക്കാന്‍ വരുന്ന സുരാജിന്റെ എസ് ഐ അന്വേഷണമൊക്കെ മറന്ന്  മിമിക്രിക്കാരുടെ കൂടെ കൂടുന്ന രസകരമായ കാഴ്ചയും ഇതില്‍ കാണാം. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലെ നായകന്‍ ഗൗതം, സി ഐ ഫൈസല്‍ മുഹമ്മദ്‌ ആയി കേസ് അന്വേഷിക്കാന്‍ എത്തുന്നു. കക്ഷിയുടെ ആക്ഷനും ഡയലോഗുകളും നിലവാരത്തകര്‍ച്ചയുടെ മറ്റൊരു ഉദാഹരണമാണ്. സുരേഷ് കൃഷണ, സാദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്.

നായികയായി വരുന്നത് 'ക്രേസി ഗോപാലന്‍' ഫെയിം രാധാ വര്‍മയാണ്. കസിന്‍ഭായിയുടെ സഹോദരിയായും നൃത്തം പഠിക്കാന്‍ അന്ന കരീനയായി കലാദര്‍ശനയില്‍ മറ്റൊരു പേരിലും വരുന്ന നായികയ്ക്ക് ചെയ്യാനുള്ളത് അവിടെയുള്ളവരുടെ പ്രേമഭാജനമായി അവര്‍ക്കൊപ്പം മേനി പ്രദര്‍ശിപ്പിച്ചു ആടുകയും പാടുകയും ചെയ്യുക എന്നതാണ്. കൂട്ടത്തില്‍ ക്രിമിനലായ സഹോദരനെ കൊന്നവരെ കണ്ടെത്തുകയുംവേണം.  പാട്ടുകളുടെയോ സംഗീതതിന്റെയോ കാര്യത്തില്‍ യാതൊരു മേന്‍മയും അവകാശപ്പെടാനില്ല. ചിത്രത്തിന്റെ 'നിലവാര'ത്തിന്റെ  ഫലം മറ്റു സാങ്കേതിക പ്രവര്‍ത്തകരും അനുഭവിക്കേണ്ടിവരുകയാണ്.

  സിനിമ നിര്‍മിച്ച മിലന്‍ ജെലീലിനു ഇതിലും മോശമായ ഒരു ചിത്രം ഇനി നിര്‍മിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഒരു നിര്‍മാതാവ് കോടിയിലേറെ ചെലവിട്ടു നിര്‍മിക്കുന്ന ചിത്രങ്ങളെക്കുറിച്ച്  ഇങ്ങനെ പറയുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷെ, താന്‍ കോടികള്‍ മുടക്കി നിര്‍മിക്കുന്ന സിനിമ നിലവാരമുള്ള, പ്രേക്ഷകരെ ആകര്‍ഷിക്കാത്തക്കതായിരിക്കണമെന്ന് നിര്‍മാതാവ് വേണം വിചാരിക്കാന്‍.  
 
പണ്ട് കുറേ ഹാസ്യ,കുടുംബ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള തുളസീദാസോ കലൂര്‍ ഡെന്നീസോ ഇനി ഇമ്മാതിരി സിനിമയെടുക്കാതിരുന്നാല്‍ പാവങ്ങളായ നിര്‍മാതാക്കളും നന്ദിയില്ലാത്ത പ്രേക്ഷകരും നിങ്ങളോട് എന്നെന്നും കടപ്പെട്ടവരായിരിക്കും. (കാദര്‍ഭായിയായിരുന്ന ആലുംമ്മൂടന്‍, ചിത്രത്തിലെ മറ്റു താരങ്ങളായ ശങ്കരാടി, സൈനുദ്ദീന്‍,ഫിലോമിന എന്നിവര്‍ ഭാഗ്യം ചെയ്തവര്. അവര്‍ക്ക് ഈ വേഷംകെട്ടലുകളൊന്നും കാണേണ്ടി വന്നില്ലല്ലോ)

വാതില്‍പ്പുറം

സംവിധാന വിദ്യാര്‍ഥികളും സംവിധായകരാവാന്‍ കൊതിക്കുന്നവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്. കാരണം ഒരു ചിത്രം എങ്ങനെയൊക്കെ ആയിരിക്കരുത് എന്നുള്ളതിന്റെ മഹനീയ ഉദാഹരണമാണ് ഇത്.

From deepika.com


Post your comment

Be the first to comment
Your name:


Your comment:


Confirm:



* Please keep your comments clean. Max 400 chars.